മേരിക്കുണ്ടൊരു കുഞ്ഞാട്

bookmark

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്
പാൽ നുരപോലെ വെളുത്താട്
പഞ്ഞികണക്കുമിനുത്താട്

തുള്ളിച്ചാടിനടന്നീടും
വെള്ളത്തിരപോൽ‍ വെള്ളാട്
കിണുകിണിയെന്നു കിലുങ്ങീടും
കിങ്ങിണി കെട്ടിയ കുഞ്ഞാട്

മേരിയൊടൊത്തുനടന്നീടും
മേരിയൊടത്തവനുണ്ടീടും
മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേല്‍ക്കും.

ഒരുനാൾ‍ പള്ളിക്കൂടത്തിൽ
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതൻ‍ പൊടിപൂരം

വികൃതികളാം ചില പിള്ളേർ
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതില്
തള്ളിയടച്ചവർ‍ തഴുതിട്ടൂ

പള്ളിക്കൂടം വിട്ടപ്പോൾ
പിള്ളേരിറങ്ങിനടന്നപ്പോൾ
മേരിവരുന്നതു കണ്ടപ്പോൾ
ഓടിയണഞ്ഞൂ കുഞ്ഞാട് !